ഇന്നത്തെക്കാലത്ത് നമ്മുടെ വിദ്യാര്‍ത്ഥികൾ അദ്ധ്യാപകരെ ആദരിക്കുകയോ ബഹുമാനിക്കുകയോ ചെയ്യുന്നില്ല. എന്തിനേറെപ്പറയണം, പഠിക്കുന്ന വിഷയങ്ങളോടുപോലും ഭക്തിയോ ബഹുമാനമോ ഇന്നത്തെ ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികൾക്കും ഇല്ല. പാശ്ചാത്യ സംസ്ക്കാരത്തിന്‍റെ സ്വധീനം കൊണ്ടാണ് അങ്ങനെ ഒരു മാറ്റം നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഉണ്ടായത്.
പാശ്ചാത്യ ഭരണത്തിന് കുഴലൂതിക്കൊടുക്കുന്ന ശിപായികളെ സൃഷ്ട്ടിക്കുന്ന ഇന്നത്തെ ആധുനിക വിദ്യാഭ്യാസ സമ്പ്രദായം, ഇംഗ്ലിഷ് ഭാഷാനൈപുണ്യം നേടല്‍, ഉന്നത സാങ്കേതിക പരിജ്ഞാനം എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്നു എങ്കിലും മനോവികാസത്തിനും, സ്വഭാവ രൂപീകരണത്തിനും എതിരെ പുറം തിരിഞ്ഞുനില്‍ക്കുന്ന മന്നൂഭാവമാണ് പൊതുവേ വെച്ചുപുലര്‍ത്തുന്നത്.
എന്നാല്‍ സ്വഭാവ രൂപീകരണം ഭാരതീയ വിദ്യാഭ്യാസത്തിന്‍റെ ഒഴിച്ചുകൂടാന്‍ സാധിക്കാത്ത ഒരു ഘടകമായിരുന്നു. പ്രാചീന ഭാരതത്തില്‍ വിദ്യാഭ്യാസം വീടുകളിൽ നിന്നാരംഭിച്ചിരുന്നു. അത് ഒരുവനിൽ പരിവർത്തനം കൊണ്ടുവരുന്നു. ഇത് ഒരുവനെ അവന്‍റെ സങ്കുചിതമായ ബോധത്തില്‍ നിന്നും അവന്‍റെ മനസ്സിനെ വികസിപ്പിച്ച് സമഭാവനയിലധിഷ്ഠിതമായ ആരോഗ്യമുള്ള സമൂഹനിര്‍മ്മിതിയും സഹജാതരോടുള്ള കാരുണ്യവും പ്രകൃതിയോടുള്ള സഹവര്‍ത്ഥിത്വവും ഉറപ്പാക്കിക്കൊണ്ട് ഒരുവനെ വിശ്വപൌരത്വത്തിലേക്ക് ഉയര്‍ത്തുന്നു.
സ്നേഹവും, സംസ്ക്കാരവും, വിനയവും, വിവേകബുദ്ധിയും, വൈകാരിക പക്വതയും ഉണ്ടെങ്കിലേ വിദ്യാഭ്യാസം പൂര്‍ണ്ണമായി എന്നു പറയാന്‍ സാധിക്കുകയുള്ളൂ. വിദ്യാഭ്യാസം എന്നത് ഉള്ളിലുള്ള പൂര്‍ണ്ണതയുടെ ആവിഷ്ക്കാരമാണ്. അത് ജീവന്‍റെ യഥാര്‍ത്ഥ പ്രകൃതത്തെ പുറത്തേക്ക് ആവിഷ്‌ക്കരിക്കാൻ ഉതകുന്നതാവണം.
ഉള്ളിലുള്ള കഴിവുകളെ പുറത്തേക്ക് കൊണ്ടുവരുക എന്നര്‍ത്ഥം വരുന്ന “എജുക്കാരെ” എന്ന ലത്തീന്‍ പദത്തില്‍ നിന്നുമാണല്ലോ “Education” എന്ന വാക്കുപോലും ഉത്ഭവിച്ചത്. ഉള്ളിലുള്ള കഴിവുകളെ പുറത്തുകൊണ്ടുവരാൻ പ്രചോദനമാകുകയെന്നതാണ് വിദ്യാഭ്യാസം എന്നതുകൊണ്ടര്‍ത്ഥമാക്കുന്നത്.
ഇന്ന് എല്ലാവരും വിദ്യാലയങ്ങളിലും സര്‍വ്വകലാശാലകളിലും പോകുന്നു എന്നല്ലാതെ അവരുടെ സ്വഭാവം നന്നാവണം എന്നു മാതാപിതാക്കൾ പോലും ആഗ്രഹിക്കുന്നില്ല. പഠിക്കണം, ഉയര്‍ന്ന ഉദ്യോഗം സാമ്പാദിക്കണം, പണം സാമ്പാദിക്കണം എന്നു മാത്രം ആണ് ബഹുഭൂരിപക്ഷത്തിന്‍റെയും ചിന്ത. ഇന്ന് വിദ്യാഭ്യാസം കേവലം വിവരശേഖരണം മാത്രമായി മാറി. പുസ്തകം പഠിക്കുന്നത്തിലൂടെ തങ്ങളുടെ അറിവ് വര്‍ധിച്ചു എന്നു വിചാരിച്ചു അഹങ്കരിക്കുന്നവരാണ് ഇന്ന് ഭൂരിപക്ഷവും.
ആയതിനാൽ ഇന്നത്തെ വിദ്യാഭ്യാസ രീതിയിലൂടെ പുറത്തുവരുന്ന ഒരാളിൽ, അവൻ പുസ്തകങ്ങളിലൂടെ ആവർത്തിച്ചു പഠിച്ച കാര്യങ്ങൾ അല്ലാതെ ഒന്നും അവശേഷിക്കുന്നില്ല എങ്കിൽ അത്തരം വിദ്യാഭ്യാസം ഉപരിപ്ലവമാണ് എന്നുവേണം കരുതുവാൻ.
കേവലം പുറമെയുള്ള ഉരുവിടലും, അഭ്യാസങ്ങളും, താരതമ്യ പഠനങ്ങളും, നിരീക്ഷണ പരീക്ഷണങ്ങളും മനസ്സിനെ ഒരു പരിധിക്കപ്പുറത്തേക്ക് പാകപ്പെടുത്തിയെടുക്കുന്നില്ല എന്നത് തർക്കമറ്റ കാര്യം ആണ്. ആയതിനാൽ, ഗുണങ്ങളെക്കാൾ ഏറെ ദോഷങ്ങൾ കലർന്ന ഒരു സംവിധാനം ആണ് ആധുനിക വിദ്യാഭ്യാസ സമ്പ്രദായം എന്ന് നാം സമ്മതിക്കേണ്ടിയിരിക്കുന്നു.
നിഷേധാത്മകമായ ഈ വിദ്യാർജ്ജന പ്രക്രിയയോട് പുത്തൻ ജീവിതശൈലികൂടി ഒത്തുചേർന്നപ്പോൾ വിദ്യാഭ്യാസ രംഗത്തെ “കച്ചവടവത്ക്കരണം” വ്യാപകമായിത്തീർന്നു.
മനോവികാസം എന്ന ലക്ഷ്യത്തിൽ നിന്നും വ്യതിചലിച്ച വിദ്യാലയങ്ങളിലെ പുറത്തുവരുന്ന പുതിയ തലമുറയിൽ ദേശദ്രോഹപ്രവർത്തനങ്ങൾ കൂട്ടുന്നതിന്‍റെയും, തീവ്രവാദപ്രവർത്തനങ്ങൾ വ്യാപകമാവുന്നതിന്‍റെയും, സമൂഹത്തിൽ അഴിമതിയും, യുവാക്കളുടെ ഇടയിൽ ലഹരിയുടെ ഉപയോഗം വ്യാപകമാവുന്നതിന്‍റെയും, പ്രകൃതി ചൂഷണങ്ങൾ വ്യാപകമാവുന്നതിന്‍റെയും കാരണങ്ങൾ വേറെ തിരയേണ്ടതില്ല.
ഈ അവസരത്തിലാണ് മനോവികാസതിലധിഷ്ഠിതമായി മനുഷ്യനെ രൂപപ്പെടുത്തിയെടുക്കുന്ന വിദ്യാർജ്ജനത്തിൽ ഭാരതീയ രീതികളെപ്പറ്റിയുള്ള ചർച്ചകൾ കൂടുതൽ പ്രാധാന്യം അർഹിക്കുന്നത്.
കൊളോണിയൽ കാലഘട്ടത്തിനുശേഷം നാം നമ്മുടെ തനതു ശൈലികളെയും, പാരമ്പര്യത്തെയും മറന്നുകൊണ്ട് പാശ്ചാത്യ ശൈലികളെ അന്ധമായി അനുകരിക്കുകയും, ആ പൈതൃകത്തിന്‍റെ നല്ല വശങ്ങളായ കൃത്യനിഷ്ഠ, കാര്യക്ഷമത, ദേശസ്‌നേഹം, അച്ചടക്കം തുടങ്ങിയ കാര്യങ്ങളെ സാംശീകരിച്ചെടുക്കാത്തതുകൊണ്ടും നമ്മുടെ നാട്ടിൽ പുരോഗതിയുടെ കുദിച്ചുചാട്ടം നടക്കാതെ പോയി.
ഭാരതീയ പൈതൃകം വാഗ്ദാനം ചെയ്യുന്ന മൂല്യങ്ങൾ വളർത്തിയെടുക്കാനും, സ്വാംശീകരിച്ചെടുക്കുന്നതിനും സംഭവിച്ച നമ്മുടെ വീഴ്ച്ചകൾ നാം ഗൗരവമായിത്തന്നെ കാണേണ്ടിയിരിക്കുന്നു.
ആയതിനാൽ, സാങ്കേതിക പരിജ്ഞാനം, കൃത്യനിഷ്ഠ, കാര്യക്ഷമത, ദേശസ്‌നേഹം, അച്ചടക്കം എന്നിവയിലധിഷ്ഠിതമായ പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ നല്ല വശങ്ങളും ശ്രദ്ധ, ബ്രഹ്മചര്യം, ഗുരുഭക്തി, ഈശ്വരവിശ്വാസം, മാതൃഭക്തി, പിതൃഭക്തി, പകൃതിസ്‌നേഹം തുടങ്ങിയ മനോവികാസപ്രക്രിയയുടേതായ തനതു ഭാരതീയ പൈതൃകവും ഒരുപോലെ സമന്വയിപ്പിച്ച് നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന് ബദലായി ഒരു ദേശീയ വിദ്യാഭ്യാസനയം രൂപപ്പെടുത്തിയെടുക്കാൻ നമ്മുടെ ഭരണകൂടത്തിന് എത്രയും വേഗം കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു.