Blog

ദേശീയ വിദ്യാഭ്യാസ നയം, 2020: വിശ്വഗുരു പദവിയിലേക്കുയരുന്ന ഭാരതം

ലോകനാഗരികത സമുന്നത സാംസ്കാരിക വിദ്യാഭ്യാസത്തിനുവേണ്ടി ഏകദേശം AD എട്ടാം നൂറ്റാണ്ടു വരെ ഭാരതത്തെ ആശ്രയിച്ചിരുന്നതായിക്കാണാം. ഗാന്ധാരം, ഉജ്ജയിനി, നളന്ദ, തക്ഷശില, വിക്രമശില, കാഞ്ചി, തുടങ്ങിയ അക്കാലത്തെ വിശ്വപ്രസിദ്ധമായ വിദ്യാഭ്യാസ സർവ്വകലാശാലകൾ സാർവലൗകീക സംസ്കാരത്തിന്‍റെ കളിത്തൊട്ടിലുകളായിരുന്നു. എന്നാല്‍ സനാതന ധര്‍മ്മ സംസ്കാരത്തെ സമൂലം നശിപ്പിച്ച് പാശ്ചാത്യ സംസ്കാരത്തെ അടിച്ചേല്‍പ്പിക്കുവാന്‍ വൈദേശിക ശക്തികള്‍ പലപ്പോഴും ശ്രമിച്ചിരുന്നു. അതിലേറ്റവും പ്രധാനമാണ് മെക്കാളെ വിദ്യാഭ്യാസ സമ്പ്രദായരീതി.

ഭാരതീയ വിദ്യാഭ്യാസ സമ്പ്രദായം ഒരു വ്യക്തിയുടെ സർവ്വതോൻമുഖമായ വികാസപൂർണ്ണതക്ക് ഉതകുന്നതാകുന്നു. അതോടൊപ്പം കുടുംബം, സമൂഹം, രാഷ്ട്രം, വിശ്വം, എന്നീ ക്രമത്തിൽ സമഞ്ജസമായി സമന്വയിപ്പിച്ച് വളർത്തുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ളതായിരുന്നു. എന്നാൽ മെക്കാളെ വിദ്യാഭ്യാസരീതി ഇതിനെല്ലാം വിരുദ്ധമായി ഭാരതീയ പൗരനെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്‍റെ താത്പര്യങ്ങൾക്കും പാശ്ചാത്യ നാഗരികതയുടെ ഊടും പാവും ഉറപ്പിക്കുന്നതിനും ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു.

ബ്രിട്ടീഷ് അധിനിവേശം കേവലം രാഷ്ട്രീയാത്മകം മാത്രമല്ല, ബൗദ്ധികവും സാംസ്കാരികവുമായ അടിമത്തം അടിച്ചേല്‍പ്പിക്കലുമായിരുന്നു. അതുതന്നെയാണ് സ്വാതന്ത്ര്യ സമരത്തോടൊപ്പം ഒരു സമഗ്ര ദേശീയ വിദ്യാഭ്യാസപദ്ധതിക്കും രൂപം നൽകാൻ നമ്മുടെ സാംസ്കാരിക നായകന്മാരായ സ്വാമി വിവേകാനന്ദനേയും ലോകമാന്യ തിലകനേയും  മഹായോഗി അരവിന്ദനേയും രാഷ്ട്രപിതാവ് മഹാത്മജിയേയുമെല്ലാം പ്രേരിപ്പിച്ച ഘടകവും.

പക്ഷേ സ്വതന്ത്ര ഭാരതത്തിന്‍റെ ഏറ്റവും വലിയ പരാജയം വിദ്യാഭ്യാസരംഗത്തായിരുന്നു സംഭവിച്ചത്. എന്തെന്നാൽ മെക്കാളെ പ്രഭു രൂപകൽപ്പന ചെയ്തു നടപ്പിലാക്കിയ വിദ്യാഭ്യാസ പദ്ധതിയുടെ ചട്ടക്കൂടില്‍ നിന്നും പുറത്തുചാടുവാന്‍ ഭാരതത്തിന് കഴിഞ്ഞില്ല. രാഷ്ട്ര പുനര്‍നിര്‍മ്മാണത്തിന്‍റെ അടിസ്ഥാനശില വിദ്യാഭ്യാസമായതുകൊണ്ട് ആ പരാജയം ഉപരിഘടനയെ മുഴുവന്‍ ബാധിച്ചു. മൂന്നര പതിറ്റാണ്ട് മുന്‍പത്തെ ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ അടിസ്ഥാനത്തിലാണ് നമ്മുടെ രാജ്യത്തെ ഇപ്പോഴുള്ള പാഠ്യരീതികളും പദ്ധതികളും. എന്നാല്‍ അതും നമ്മുടെ ഭാരതീയ വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍ക്ക് ഉതകുന്ന തരത്തിലുള്ളതായിരുന്നില്ല എന്നത് നാം തലമുറകളെ മുന്‍പോട്ടുനടത്തുന്നതില്‍ പരാജയപ്പെട്ടു എന്ന് കാലം സാക്ഷ്യപ്പെടുത്തുന്നു. ഈ അവസരത്തിലാണ് ദേശീയ വിദ്യാഭ്യാസം എന്ന ആശയം കലിക പ്രസക്തമാവുന്നത്.

വ്യക്തി നിര്‍മ്മാണാത്മകമായ ചിന്തകളേയും ഗവേഷണങ്ങളേയും പോഷിപ്പിക്കുകയും നിലനിര്‍ത്തുകയും അതോടൊപ്പം രാഷ്ട്ര നിര്‍മ്മാണത്തിന്‍റെ ആധാരശിലയായി വര്‍ത്തിക്കുകയും ചെയ്യുന്നു എന്നതാണ്. ഭാരതീയ വിദ്യാഭ്യാസത്തിന്‍റെ മുഖ്യധര്‍മ്മം. എന്നാല്‍ പ്രാചീന കാലത്ത് നിലനിന്നിരുന്ന പോലെ ഭാരതീയ വിദ്യാഭ്യാസ ദര്‍ശനങ്ങളെ അതേപടി പുനരാവിഷ്ക്കരിക്കുവാന്‍ ഇന്ന് സാധ്യമല്ല. പക്ഷേ, ഭാരതീയ ദര്‍ശനങ്ങളുടെ വൈശിഷ്ഠ്യം അറിഞ്ഞുകൊണ്ടുതന്നെ, ഭാരതീയ മൂല്യങ്ങളെ പരമാവധി ഉള്‍ക്കൊള്ളിച്ചുകൊണ്ട്  കാലികമായ കൂട്ടിച്ചേര്‍ക്കലുകളും നല്കി ഭാരത സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ ദേശീയ വിദ്യാഭ്യാസനയം (2020) ഇന്നിന്‍റെ ആവശ്യകതയാണ്. കാരണം;

ഒന്നാമതായി, നിലവിൽ ഉള്ള സ്കൂൾ പാഠ്യപദ്ധതിക്ക് പുറത്തുനിൽക്കുന്ന പ്രീ സ്കൂൾ ക്ലാസ്സുകളോടൊപ്പം ഒന്ന്, രണ്ട് ക്ലാസ്സുകൾ കൂടെ ഉൾപ്പെടുത്തുന്നതാണ് പുതിയ നയം. ഇത് വഴി, നിലവിലെ 10 + 2 ഘടന ഒഴിവാക്കി പകരം 5 + 3 + 3 + 4 എന്ന രീതിയില്‍ പുതിയ ഘടന  നിലവിൽ വരും. തന്മൂലം മൂന്നാം വയസ്സ് മുതൽ തന്നെ ഒരു കുട്ടി ഔദ്യോദിക വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ ഭാഗമാകുന്നു. യഥാർത്ഥ വിദ്യാഭ്യാസം തുടങ്ങുന്നതിനു മുൻപുള്ള അടിത്തറ ഘട്ടം (ഫൌണ്ടേഷൻ സ്റ്റേജ്) ആയിട്ടാണ് ഈ 3 മുതൽ 8 വയസ്സ് വരെ ഉള്ള കാലഘട്ടത്തെ പ്രസ്തുത നയം വിലയിരുത്തിയിട്ടുള്ളത്. ഈ കാലഘട്ടത്തിൽ കളികളിലൂടെയുള്ള പഠനം, നല്ല പെരുമാറ്റം, വ്യക്തി ശുചിത്വം, സഹകരണം തുടങ്ങിയ മൂല്യങ്ങൾക്ക് പ്രാധാന്യം നൽകുന്നു. ഇത് ഒരു കുട്ടിയുടെ ബുദ്ധിയുടെ ശരിയായ വളർച്ചയും വികാസവും ഉറപ്പു വരുത്തന്നു. അതുവഴി, വിദ്യാഭ്യാസവും ജീവിതവും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുവാനും പ്രസ്തുത നയം ലക്ഷ്യമിടുന്നു.

മൂന്നുമുതൽ അഞ്ചാം ക്ലാസ് വരെയുള്ള പ്രാരംഭ ഘട്ടം (preparatory stage) ആണ് രണ്ടാമതായി. ഇവിടെ കളികളിൽ നിന്നും മാറി പഠനത്തിന് വളരെ പ്രാധാന്യം നൽകുന്നു. എഴുത്ത്, വായന, ഗണിതം എന്നിവയ്ക്ക് പ്രത്യകം ഊന്നൽ നൽകുന്നു. അതുപോലെ തന്നെ, അഞ്ചാം ക്ലാസ് വരെ അധ്യയനം മാതൃഭാഷയിൽ ആവണം എന്നും പ്രസ്തുത നയം നിഷ്ക്കർഷിക്കുന്നു. ഒരു കുട്ടിയുടെ ബൗദ്ധികവും വൈകാരികവും ആത്മീയവുമായ വികാസത്തന് മാതൃഭാഷയുടെ പങ്ക് വളരെ വലുതാണ്. മാതൃഭാഷ മാതൃഭാഷയാകുന്നത് അത് അമ്മയുടെ ഭാഷയാകുന്നതുകൊണ്ടല്ല. മറിച്ച് അമ്മയെപ്പോലെ കുട്ടിയുടെ മാനസികവും ശാരീരികവുമായ വളർച്ചക്ക് പിന്നിലെ ശക്തിസ്രോതസ്സാവുന്നതുകൊണ്ടാണ്. ഏതൊരു കുട്ടിയുടേയും കാഴ്ചപ്പാടും, വികാരവിചാരങ്ങളും, സർഗ്ഗചിന്തകളും, വിശകലനങ്ങളും, പ്രതികരണങ്ങളുമെല്ലാം പരമാവധി വളര്‍ത്തുവാനും ഊട്ടിയുറപ്പിക്കുവാനും മാതൃഭാഷയിലൂടെ സാധ്യമാകും. മാത്രമല്ല അറിവ് അനുഭവമായിത്തീര്‍ക്കുവാന്‍ മാതൃഭാഷയ്ക്കേ കഴിയൂ. അതുകൊണ്ടുതന്നെയാണ് അഞ്ചാം ക്ലാസ് വരെയുള്ള അധ്യയനം മാതൃഭാഷയിൽ തന്നെയാവണം എന്ന് പ്രസ്തുത നയം നിഷ്ക്കർഷിക്കുന്നത്.

മൂന്നാമതായി, ഗാന്ധിജി വിഭാവനം ചെയ്തതുപോലെയുള്ള തൊഴിലധിഷ്ടിത വിദ്യാഭ്യാസ രീതിയാണ് 6 മുതൽ 8 വരെയുള്ള ക്ലാസ്സുകളിൽ (middle stage) ഉള്‍പ്പെടുത്തിയിട്ടുള്ളത്.  ഈ കാലഘട്ടത്തിൽ ഓരോ വിഷയത്തിലും പ്രാഗല്‍ഭ്യമുള്ള അദ്ധ്യാപകർ വഴി പഠനം സാദ്ധ്യമാക്കുന്നു. അതുവഴി വിദ്യാർത്ഥികൾക്ക് പ്രസ്തുത വിഷയങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനും, പഠനത്തോടൊപ്പം നിഷ്‌കർഷിക്കുന്ന ഇന്‍റേണ്‍ഷിപ്പ് വഴി അറിവും കര്‍മ്മവും പ്രാഥമികവിദ്യാഭ്യാസത്തോടൊപ്പം സംയോജിക്കപ്പെടുന്നു എന്നത് കലാകാലങ്ങളായി വിദ്യ, പരീക്ഷകള്‍ക്ക് കുറച്ചു ശരികള്‍ക്കും കുറേ തെറ്റുകള്‍ക്കും വേണ്ടിയുള്ള അഭ്യാസം എന്നതില്‍ നിന്നും മാറി, ജീവിതത്തിന്‍റെ പ്രാണവായുവാണെന്ന് തിരിച്ചറിയപ്പെടുന്നു.

ഏതുതരത്തിലുള്ള അറിവും സമ്പാദിക്കാൻ ഉള്ള ഉപാധി ചോദ്യം ചെയ്യാനുള്ള വാസനയും അന്വേഷണ ബുദ്ധിയുമാണ്. ഇത് ഉൾക്കൊണ്ടുകൊണ്ടുള്ള പാഠ്യപദ്ധതിയാണ് നാലാമത്തെ ഘട്ടമായ 9 മുതൽ 12 വരെയുള്ള ക്ലാസ്സുകളിൽ വിഭാവനം ചെയ്തിട്ടുള്ളത്. ഈ കാലഘട്ടത്തിൽ ഒരു വിദ്യാർത്ഥിക്ക് ഇഷ്ടമുള്ള വിഷയം തിരഞ്ഞെടുത്തു പഠിക്കുവാനുള്ള അവസരം നൽകുന്നു. ഇത് ഓരോ കൂട്ടിയിലുമുള്ള സര്‍ഗ്ഗശേഷി ഉപയോഗിച്ച് അവനവനുതന്നെ വളര്‍ച്ചയ്ക്കും ഉയര്‍ച്ചക്കും ഉള്ള ഇടം കണ്ടെത്തുവാന്‍ അവസരം നല്കുന്നു. അതുവഴി ആഴത്തിലുള്ള പഠനം, വിമർശന ബുദ്ധിയോടെ ചിന്തിക്കുവാനുള്ള കഴിവ്, ജീവിത ലക്ഷ്യത്തിനു കൂടുതൽ ശ്രദ്ധ എന്നിവ സാദ്ധ്യമാക്കുന്നു.

മേല്‍വിവരിച്ച പ്രകാരം നിലവിലെ വിദ്യാഭ്യാസ ഘടനയില്‍ നിന്നും വ്യത്യസ്തമായി, 3 മുതല്‍ 18 വയസ്സുവരെയുള്ളവരെ പ്രാഥമിക വിദ്യാഭ്യാസത്തിന്‍റെ കീഴില്‍ കൊണ്ടുവരുകയും അതുവഴി സര്‍വത്രികവല്‍ക്കരണം ലക്ഷ്യമിട്ടുകൊണ്ടുമുള്ളതാണ് പുതിയ ദേശീയ വിദ്യാഭ്യാസാനയം. വിദ്യാലയങ്ങളില്‍ നിന്നുമുള്ള കൊഴിഞ്ഞുപോക്ക് 2030ഓട് കൂടെ പൂര്‍ണ്ണമായും ഇല്ലാതെയാക്കുവാന്‍ പ്രസ്തുത നയം ലക്ഷ്യം വെക്കുന്നു. അതോടൊപ്പം തന്നെ അറിവാണ് രാഷ്ട്രനിര്‍മ്മാണത്തിന്‍റെ അനിവാര്യതയെന്ന ദീര്‍ഘവീക്ഷണത്താല്‍ ജി‌ഡി‌പി യുടെ 6 ശതമാനം വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനായി മാറ്റിവെക്കും എന്നത് തികച്ചും സ്വാഗതാര്‍ഹം ആകുന്നു.

പഠനത്തിനും ഗവേഷണത്തിനും കണ്ടെത്തലുകള്‍ക്കും പ്രധാന്യം കല്‍പ്പിക്കുന്ന കാഴ്ചപ്പാടാണ് ഈ നൂറ്റാണ്ടിന്‍റെ പ്രത്യേകത. ആ പ്രത്യേകതയെ അറിഞ്ഞുകൊണ്ടുതന്നെ അങ്കണവാടി മുതല്‍ ഉന്നതവിദ്യാഭ്യാസം വരെ സാമൂഹിക, സാമ്പത്തിക വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും തുല്യ അവസരം ഉറപ്പാക്കുവാന്‍ പ്രസ്തുത നയം ലക്ഷ്യമിടുന്നു. അതുപോലെ തന്നെ മിതമായ ചിലവില്‍ ഗുണമേന്‍മയുള്ള വിദ്യാഭ്യാസം നല്കുക വഴി ഭരതത്തെ വീണ്ടും പഴയ പ്രൌഢിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരികയും അതുവഴി ‘വിശ്വഗുരു’ എന്ന പദവിയിലേക്ക് തിരിച്ചെത്തിക്കുക എന്നതും പ്രസ്തുത വിദ്യാഭ്യാസനയത്തിലൂടെ വിഭാവനം ചെയ്യുന്നു.

ഏതൊരു രാഷ്ട്രത്തിലേയും ജനങ്ങളുടെ ഭാഗധേയം നിര്‍ണ്ണയിക്കുന്നതില്‍ വിദ്യാഭ്യാസത്തിനും അത് വഹിക്കുന്ന ഭരണാധികാരികളുടെ പങ്കും വളരെ നിര്‍ണ്ണായകമാണ്. നമ്മുടെ രാജ്യം എന്താണ് എന്നും, എങ്ങനെയാവണം എന്നും മാറി മാറി വരുന്ന ഭരണാധികാരികള്‍ക്ക് ബോധ്യം ഉണ്ടായിരിക്കണം. അത് വരും തലമുറയെ വാര്‍ത്തെടുക്കുന്ന വിദ്യാഭ്യാസ നയങ്ങളില്‍ നിക്ഷിപ്തമായിരിക്കുകയും വേണം. അങ്ങനെ നോക്കുമ്പോള്‍ സത്യവും, നീതിയും, ധര്‍മ്മവും സംരക്ഷിക്കുന്ന ശാസ്ത്രബോധമുള്ള ഒരു യുവ തലമുറയെ വളര്‍ത്തികൊണ്ടുവരാന്‍ ഭാരതത്തിന്‍റെ പുതിയ ദേശീയനയത്തിലൂടെ സാദ്ധ്യമാകും.

അതോടൊപ്പം തന്നെ പ്രസ്തുത നയം, നിലവിലുള്ള തൊഴിലന്വേഷകര്‍ക്ക് പകരം തൊഴില്‍ സ്രഷ്ടാക്കളെ സൃഷ്ടിക്കുകയെന്ന ഉള്‍ക്കാഴ്ചയുള്ളതാണ്. അതുവഴി വൈവിധ്യമാര്‍ന്നതും പരസ്പര ബന്ധിതവുമായ പഠന മേഖലകളിലൂടെ വിദ്യാര്‍ഥികള്‍ എന്തു പഠിക്കുവാന്‍ ആഗ്രഹിക്കുന്നുവോ, എന്ത് ആയിത്തീരുവാന്‍ ആഗ്രഹിക്കുന്നുവോ അത് ഇതിലൂടെ സാധ്യമാവും. അങ്ങനെ, വിദ്യാഭ്യാസം ഉണ്ടായിട്ടും തനിക്കും രാഷ്ട്രത്തിനും പ്രയോജനമില്ലാതെ പോകുന്ന ഇന്നത്തെ ദുരവസ്ഥക്ക് (ദേശീയ ശരാശരിയിലും അധികമാണ് കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക്) മാറ്റം ഉണ്ടാകും. അങ്ങനെ 2030 ഓട് കൂടെ, എല്ലാ മേഖലകളിലും അറിവ് നല്കുക എന്നതിലൂടെ ഭാരതത്തിന് ‘വിശ്വഗുരു’ എന്ന പേര് വീണ്ടെടുക്കുവാനും ഭാരതത്തിന്‍റെ പ്രാണവായുവായി എന്നും ഊര്‍ജ്ജസ്വലരായി നിലനില്‍ക്കുന്ന ആരുടെ മുന്‍പിലും തലകുനിക്കാന്‍ ഇടവരാത്ത ‘യുവത’യുടെ നാടായി മാറ്റുവാനുള്ള ആദ്യ ചുവടുവെയ്പ്പായി കാലം കരുതിവെച്ച അനിവാര്യതയാണ് പുതിയ ദേശീയ വിദ്യാഭ്യാസനയം.

India ascends to the status of Vishwaguru

Published by Vishnu S. Warrier